ഒറ്റ നോട്ടത്തില്‍
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ കൊല്ലങ്കോട് ബ്ളോക്കിലാണ് പുതുനഗരം ഗ്രാമപഞ്ചായത്ത്. 1975 നവംബര്‍ മാസത്തിലാണ് പഞ്ചായത്ത് രൂപീകൃതമായത്. 9.24 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിനെ 13 വാര്‍ഡുകളായി വിഭജിച്ചിരിക്കുന്നു. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് ചിറ്റൂര്‍, തത്തമംഗലം മുനിസിപ്പാലിറ്റിയും, പടിഞ്ഞാറ് കൊടുവായൂര്‍, പല്ലശ്ശന ഗ്രാമപഞ്ചായത്തുകളും, തെക്ക് വടവന്നൂര്‍ ഗ്രാമപഞ്ചായത്തും വടക്ക് പെരുവെമ്പ് പഞ്ചായത്തുമാണ്. 16373 വരുന്ന ജനസംഖ്യയില്‍ 8138 പേര്‍ പുരുഷന്മാരും 8235 പേര്‍ സ്ത്രീകളുമാണ്. മൊത്തം ജനതയുടെ സാക്ഷരത 80 ശതമാനത്തിനു മുകളിലുണ്ട്. ഉയര്‍ന്ന സമതലങ്ങളും അടിച്ചിറത്തോടിനോട് ചേര്‍ന്നുള്ള താഴ്വരകളും ചേര്‍ന്നതാണ് ഇവിടുത്തെ ഭൂപ്രദേശം. പഞ്ചായത്തിലെ പ്രധാന കാര്‍ഷികവിളകള്‍ തെങ്ങ്, കവുങ്ങ്, നെല്ല്, പയര്‍, വെണ്ട, ഇഞ്ചി, ചേമ്പ് എന്നിവയാണ്. പഞ്ചായത്തില്‍ ചെറുതും വലുതുമായ 116 കുളങ്ങള്‍ ഉണ്ട്. ഈ കുളങ്ങളാണ് പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സ്. 32 പൊതുകിണറുകളും 144 പൊതുകുടിവെള്ള ടാപ്പുകളും പഞ്ചായത്ത് നിവാസികള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു. മലമ്പുഴ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട കനാലാണ് പഞ്ചായത്തിലെ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. 600 തെരുവുവിളക്കുകള്‍ പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു.വിദേശ യാത്രയ്ക്കായി കോയമ്പത്തൂര്‍ വിമാനത്താവളവും റെയില്‍വേ ഗതാഗതത്തിനായി പുതുനഗരം റെയില്‍വേ സ്റ്റേഷനും തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖവും പഞ്ചായത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. കൊടുവായൂര്‍ ബസ് സ്റ്റാന്റിലാണ് റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. സ്റ്റേറ്റ് ഹൈവേ-17 ആണ് പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പ്രധാന ഹൈവേ. റെയില്‍പ്പാത കടന്നു പോകുന്ന കേരളത്തിലെ ചുരുക്കം ചില പഞ്ചായത്തുകളില്‍ ഒന്നാണ് പുതുനഗരം പഞ്ചായത്ത്. 1932-ല്‍ പാലക്കാട്- പൊള്ളാച്ചി റെയില്‍വേ വന്നപ്പോള്‍ അതിലെ ഒരു പ്രധാന സ്റ്റേഷനായിരുന്നു പുതുനഗരം. പൊതുമരാമത്തിന്‍ കീഴിലും പഞ്ചായത്തിന്‍ കീഴിലും ഉള്‍പ്പെടുന്ന റോഡുകളാണ് പഞ്ചായത്തില്‍ അധികവും. പുതുനഗരം-പൂന്തോണി, കോഴിക്കട-നൊച്ചൂര്‍, കൊടുവായൂര്‍-മാങ്ങോട്, മാങ്ങോട്-കരിപ്പോട് എന്നിവ പഞ്ചായത്തിലെ പ്രധാന റോഡുകളാണ്.പുതുനഗരം തികച്ചും ഒരു കച്ചവട ഗ്രാമമാണ്. പഞ്ചായത്തില്‍ ഉണ്ടായിരുന്ന പരമ്പരാഗത തൊഴിലുകള്‍ ആണ് കൈത്തറി നെയ്ത്ത് വ്യവസായവും ബീഡി വ്യവസായവും മണ്‍പാത്ര നിര്‍മ്മാണവും. പുല്‍പ്പായ നെയ്ത്ത്, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം, പ്ളാസ്റ്റിക് സഞ്ചി നിര്‍മ്മാണം, ചാക്ക് നിര്‍മ്മാണം, ഫര്‍ണീച്ചര്‍ നിര്‍മ്മാണം എന്നീ ചെറുകിടവ്യവസായങ്ങളും പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. വീട്ടിയോട് അലുമിനിയം ഉരുക്കുശാലയും പൂന്തോണിയിലെ ബാസ്കര്‍ സോപ്പു കമ്പനിയും പഞ്ചായത്തിലെ ചെറുകിട വ്യവസായസ്ഥാപനങ്ങളാണ്. പൊതുവിതരണ മേഖലയില്‍ 5 റേഷന്‍ കടകളും ഓരോ നീതി-മാവേലി സ്റ്റോറുകളുമുണ്ട്. പഞ്ചായത്തിലെ പ്രധാന വ്യാപര കേന്ദ്രം പുതുനഗരം മത്സ്യ മാര്‍ക്കറ്റ് ആണ്. പഞ്ചായത്തിലെ ഏക ഷോപ്പിംഗ് കോംപ്ളക്സ് പുതുനഗരത്തില്‍ പ്രവര്‍ത്തിക്കുന്നു.പുതുനഗരം പഞ്ചായത്തില്‍ ഹിന്ദു-മുസ്ളിം സംസ്കാരത്തിന്റെ വിവിധ വശങ്ങള്‍ കാണാം. സാംസ്കാരികമായി ഈ പ്രദേശം തമിഴ് സംസ്കാരവുമായി കൂടുതല്‍ ബന്ധപ്പെട്ട് കിടക്കുന്നു. അതിനുള്ള പ്രധാന കാരണം പുതുനഗരം പഞ്ചായത്തിന്റെ ജനവിഭാഗങ്ങളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്ന് കൂടിയേറി പാര്‍ത്തവരാണ്. നിരവധി ആരാധനാലയങ്ങള്‍ അങ്ങിങ്ങായി പഞ്ചായത്തില്‍ നിലകൊള്ളുന്നു. 8 ക്ഷേത്രങ്ങളും 5 മുസ്ളിം പള്ളികളും ഒരു ക്രിസ്ത്യന്‍ പള്ളിയും പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍ ആണ്.ചന്ദനക്കൂടം, വിഷുവേല, പൊങ്കല്‍, അയ്യപ്പന്‍വിളക്ക് എന്നീ ഉത്സവങ്ങളും ആന എഴുന്നള്ളിപ്പ്, പൊറാട്ടുനാടകം, കുംഭക്കളി, കരിവേഷം, കണ്ണ്യാര്‍കളി എന്നിവയും പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളാണ്.ഒരു വായനശാലയ്ക്കു പുറമേ 5 ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബുകള്‍ കലാ-കായിക -സാംസ്കാരിക സ്ഥാപനങ്ങളായി പഞ്ചായത്തില്‍ നിലനില്‍ക്കുന്നു.ആരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിനകത്തുണ്ട്. ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ പുതുനഗരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതുകൂടാതെ ഓരോ ആയുര്‍വേദ, ഹോമിയോ ആശുപത്രികളും പഞ്ചായത്തിലുണ്ട്.