ഭൂമി ശാസ്ത്രം

ഭൂപ്രകൃതിയും പരിസ്ഥിതി സവിശേഷതയും

പുതുനഗരം ഗ്രാമ പഞ്ചായത്ത് ഒരു സമതല പ്രദേശമാണ്. വിശാലമായ നെല്പാടങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമത്തിന് കൊടുവായൂർ പല്ലശ്ശന അതിർത്തി പ്രദേശത്തുകൂടിയും അടിച്ചിറ-പാമ്പുരാംപാറ ഭാഗത്ത് കൂടിയും വളയക്കാര തെരുവിന്റെ വടക്ക് ഭാഗത്ത് കൂടിയും ഒഴുകുന്ന തോടും, കുന്നംകാട്, പാമ്പുരാംപാറ എന്നീ കുന്നിൻ പ്രദേശവും പുതുനഗരം ഗ്രാമപഞ്ചായത്തിന്റെ പ്രകൃതി രമണീയതയ്ക്ക് മാറ്റുകൂട്ടുന്നു. ഒലവക്കോട് നിന്നും രാമേശ്വരം വരെ പോകുന്ന റെയിൽവേ ലൈൻ ഈ പഞ്ചായത്തിൽ കൂടി കടന്ന് പോകുന്നു. റെയിൽവേ സ്റ്റേഷൻ ഈ പഞ്ചായത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും പുതുനഗരം ടൗണിനോട് ചേർന്ന് കിടക്കുന്നു. തൃശ്ശൂർ - കോയമ്പത്തൂർ, പാലക്കാട് - പൊള്ളാച്ചി എന്നീ അന്തർ സംസ്ഥാന റോഡും പാലക്കാട് - നെല്ലിയാമ്പതി, പാലക്കാട് - പല്ലശ്ശനക്കാവ് എന്നീ സംസ്ഥാന റോഡും ഈ പഞ്ചായത്തിൽ കൂടി കടന്നുപോകുന്നു. ജന്മി - കുടിയാൻ വ്യവസ്ഥിതി നിലനിന്നിരുന്ന പ്രദേശമാണിത് കുതിരവട്ടത്ത് നായർ, പൂമുള്ളി മനയ്ക്കൽ, ചിങ്ങംചവീട്, പാലക്കാട് മോക്ക് വീട്, എരിമയൂർ ശിവരാമൻ എന്നീ ജന്മി കുടിയാന്മാരുടെ കൃഷിയിടങ്ങളാണ് ഈ പ്രദേശത്തുണ്ടായിരുന്നത്. ഇതൊക്കെ കാലക്രമേണ ഭൂപരിഷ്കരണ നിയമം മൂലം പാട്ട കുടിയാൻ വ്യവസ്ഥ ഇല്ലാതാവുകയും കൃഷി ഭൂമി കർഷകന്റേതായി തീരുകയും ചെയ്തു.

പഞ്ചായത്തിൽ ഏകദേശം 240 ഹെക്ടർ സ്ഥലത്താണ് നെല്ല് കൃഷി ചെയ്തു വരുന്നത്. കൂടാതെ 100 ഹെക്ടറിൽ മാവ്, തെങ്ങ്, കവുങ്ങ്, ഇഞ്ചി എന്നിവയും നാമമാത്ര പച്ചക്കറിയും കൃഷി ചെയ്തു വരുന്നു. കൃഷിക്ക് പ്രധാനമായും മഴയെ ആശ്രയിക്കേണ്ടിയിരിക്കുന്നു. കനാൽ വഴി ലഭിക്കുന്ന മീൻകരഡാമിലെ വെള്ളവും, തോടുകൾ, കുളങ്ങൾ എന്നിവയിലെ വെള്ളവും കൃഷിക്ക് ഉപയോഗിക്കുന്നു.

പഞ്ചായത്തിൽ 10 പാടശേഖര സമിതികൾ പ്രവർത്തിച്ചുവരുന്നു കർഷകരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പാടശേഖര സമിതികൾ അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു. പച്ചക്കറി ഉത്പാദന രംഗത്ത് സ്വയംപര്യാപ്തത നേടേണ്ടതുണ്ട്. ഉത്പാദനം വർദ്ധിപ്പിക്കാൻ കർഷകർക്കും കാർഷികേതര കുടുംബങ്ങൾക്കുമായി പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. തോട്ടവിള ഉല്പാദനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. മുൻ സാമ്പത്തിക വർഷങ്ങളിൽ കാർഷിക ഉല്പാദന മേഖലയിൽ രാസവളങ്ങൾക്ക് സബ്സിഡി, ഉഴവുകൂലി നൽകൽ, പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കൽ എന്നീ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കാർഷിക മേഖലയുടെ പുരോഗതിക്കായി തുടരുന്നതും പദ്ധതികൾ നടപ്പാക്കുന്നതാണ്.

ഭക്ഷ്യ സംരക്ഷണക്കായി ഫിഷറീസ് വകുപ്പും പഞ്ചായത്തും സംയുക്തമായി പഞ്ചായത്ത് പ്രദേശത്തിലെ കുളങ്ങളിൽ മത്സ്യകൃഷിക്ക് വേണ്ടി മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യുകയും ഫിഷറീസ് വകുപ്പ് അവയ്ക്ക് വേണ്ട സംരക്ഷണവും ചെയ്തു വരുന്നു