ഭൂമിശാസ്ത്രം
| വില്ലേജ് | : പുതുനഗരം |
| ബ്ലോക്ക് | : കൊല്ലങ്കോട് |
| താലൂക്ക് | : ചിറ്റൂർ |
| അസംബ്ലി മണ്ഡലം | : 59, നെന്മാറ |
| പാർലമെന്റ് മണ്ഡലം | : ആലത്തൂർ |
| നാലതിരുകൾ | കിഴക്ക്: ചിറ്റൂർ - തത്തമംഗലം മുനിസിപ്പാലിറ്റി, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് തെക്ക്: വടവന്നൂർ ഗ്രാമപഞ്ചായത്ത്, പല്ലശ്ശേന ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ്: കൊടുവായൂർ ഗ്രാമപഞ്ചായത്ത്, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വടക്ക്: പെരുവെമ്പ് ഗ്രാമപഞ്ചായത്ത് |
പുതുനഗരം ഗ്രാമപഞ്ചായത്ത് ഒരു സമതല പ്രദേശമാണ്. വിശാലമായ നെൽപ്പാടങ്ങൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചുഗ്രാമത്തിന് കൊടുവായൂർ, പല്ലശ്ശേന അതിർത്തി പ്രദേശത്തു കൂടിയും അടിചിറ, പാമ്പുറാംപാറ ഭാഗത്തു കൂടിയും വളയക്കാര തെരുവിന്റെ വടക്കുഭാഗത്തു കൂടിയും ഒഴുകുന്ന തോടും, കുന്നംകാട്, പാമ്പുറാംപാറ എന്നീ കുന്നിൻ പ്രദേശവും പുതുനഗരം ഗ്രാമപഞ്ചായത്തിന്റെ പ്രകൃതി രമണീയതയ്ക്ക് മാറ്റുകൂട്ടുന്നു.
ഒലവക്കോട് നിന്നും രാമേശ്വരം വരെ പോകുന്ന റെയിൽവേ ലൈൻ ഈ ഗ്രാമപഞ്ചായത്തിൽ കൂടിയാണ് കടന്നുപോകുന്നത്. റെയിൽവേ സ്റ്റേഷൻ ഈ പഞ്ചായത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും പുതുനഗരം ടൗണിനോട് ചേർന്നു കിടക്കുന്നു. തൃശ്ശൂർ - കോയമ്പത്തൂർ, പാലക്കാട് - പൊള്ളാച്ചി എന്നീ അന്തർ സംസ്ഥാന റോഡും, പാലക്കാട് - നെല്ലിയാമ്പതി, പാലക്കാട് - പല്ലശ്ശേനക്കാവ് എന്നീ സംസ്ഥാന റോഡും ഈ പഞ്ചായത്തിൽ കൂടി കടന്നുപോകുന്നു.
ജന്മികുടിയാൻ വ്യവസ്ഥിതി നിലനിന്നിരുന്ന പ്രദേശമാണിത്. കുതിരവട്ടത്ത് നായർ, പൂമുള്ളി മനയ്ക്കൽ, ചിങ്ങംവീട്, പാലക്കാട് മോക്ക് വീട്, എരിമയൂർ ശിവരാമൻ എന്നീ ജന്മികുടിയാന്മാരുടെ കൃഷിയിടങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ഇതൊക്കെ ഘടകമായി ഭൂപരിഷ്കരണ നിയമം മൂലം പാട്ട കുടിയാൻ വ്യവസ്ഥ ഇല്ലാതാവുകയും കൃഷിഭൂമി കർഷകന്റേതായി തീരുകയും ചെയ്തു.
പഞ്ചായത്തിൽ ഏകദേശം 240 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി ചെയ്തുവരുന്നത്. കൂടാതെ 100 ഹെക്ടറിൽ മാവ്, തെങ്ങ്, കവുങ്ങ്, ഇഞ്ചി എന്നിവയും നാമമാത്ര പച്ചക്കറിയും കൃഷി ചെയ്തുവരുന്നു. കൃഷിക്ക് പ്രധാനമായും മഴയെ ആശ്രയിക്കേണ്ടിയിരിക്കുന്നു. കനാൽ വഴി ലഭിക്കുന്ന മീങ്കര ഡാമിലെ വെള്ളവും തോടുകൾ, കുളങ്ങൾ എന്നിവയിലെ വെള്ളവും കൃഷിക്ക് ഉപയോഗിക്കുന്നു.
പഞ്ചായത്തിൽ 10 പാടശേഖര സമിതികൾ പ്രവർത്തിച്ചുവരുന്നു. കർഷകരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പാടശേഖര സമിതികൾ അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകിവരുന്നു. പച്ചക്കറി ഉല്പാദന രംഗത്ത് സ്വയംപര്യാപ്തത നേടേണ്ടതുണ്ട്. ഉല്പാദനം വർദ്ധിപ്പിക്കാൻ കർഷകർക്കും കാർഷികേതര കുടുംബങ്ങൾക്കുമായി പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.
നൂതന പദ്ധതികളും സഹായങ്ങളും:
- മുൻ സാമ്പത്തിക വർഷങ്ങളിൽ കാർഷിക ഉല്പാദന മേഖലയിൽ രാസവളങ്ങൾക്ക് സബ്സിഡി, ഉഴവുകൂലി നൽകൽ, പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കൽ എന്നീ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
- കാർഷിക മേഖലയുടെ പുരോഗതിക്കായി തുടർന്നും പദ്ധതികൾ നടപ്പാക്കുന്നതാണ്.
- ഭക്ഷ്യസുരക്ഷയ്ക്കായി ഫിഷറീസ് വകുപ്പും പഞ്ചായത്തും സംയുക്തമായി പഞ്ചായത്ത് പ്രദേശത്തിലെ കുളങ്ങളിൽ മത്സ്യകൃഷിക്കുവേണ്ടി മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുകയും സംരക്ഷണം നൽകുകയും ചെയ്തുവരുന്നു.