ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ കൊല്ലങ്കോട് ബ്ളോക്കിലാണ് പുതുനഗരം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുതുനഗരം വില്ലേജുപരിധിയിലുള്ള ഈ പഞ്ചായത്തിന്റെ വിസ്തൃതി 9.24 ച.കി.മീറ്ററാണ്.  ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പെരുവെമ്പ് പഞ്ചായത്തും, തെക്കുഭാഗത്ത് വടവനൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയും, പട്ടഞ്ചേരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൊടുവായൂര്‍, പല്ലശ്ശന പഞ്ചായത്തുകളുമാണ്. 1979-നവംബറില്‍ പുതുനഗരത്തെ കൊടുവായൂരില്‍ നിന്ന് വേര്‍പ്പെടുത്തി ഒരു പ്രത്യേക പഞ്ചായത്ത് രൂപീകരിച്ചതായി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. ആദ്യത്തെ പഞ്ചായത്തുഭരണസമിതിയില്‍ ജനാബ് എം.എച്ച്.മുഹമ്മദ് ഷാ തങ്ങള്‍ പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പശ്ചിമഘട്ടത്തിലെ പാലക്കാടുചുരത്തിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന ഭാരതപ്പുഴയുടെ പോഷകനദിയായ ശോകനാശിനി പുഴയില്‍ നിന്നും 5 കിലോമീറ്റര്‍ പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന പ്രദേശമാണ് പുതുനഗരം പഞ്ചായത്ത്. പാലക്കാടു ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള ചിറ്റൂര്‍ താലുക്കിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കൊല്ലങ്കോടു ബാളോക്കിലാണ് പുതുനഗരം പഞ്ചായത്ത് ഉള്‍പ്പെടുന്നത്. പാലക്കാടു ജില്ലയുടെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന പുതുനഗരം പഞ്ചായത്തില്‍ കുന്നിന്‍ചെരിവുകളോ മലകളോ ഇല്ല. എങ്കിലും ഒന്നു രണ്ട് ഉയര്‍ന്ന പാറപ്രദേശങ്ങള്‍ ഈ പ്രദേശത്ത് ദൃശ്യമാണ്. പഞ്ചായത്തിന് സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 110 മീറ്റര്‍ ആണ്. ഏറ്റവും ഉയരം കൂടിയ പ്രദേശം കുന്നംകാടാണ്.